സിനിമയിലെ ഡയലോഗുകൾ നോട്ട് ബുക്കിൽ എഴുതി സൂക്ഷിച്ചു വെയ്ക്കാറുണ്ടെന്ന് സുഹാസിനി

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളിൽ ഒരാളെന്ന് അംഗീകരിക്കപ്പെട്ട ആളാണ് സുഹാസിനി. പ്രഗത്ഭ നടൻ ചാരുഹാസൻ്റെ മകൾ, സകലകലാ വല്ലഭൻ എന്ന് സിനിമാ മേഖലയിൽ സർവരാലും വാഴ്ത്തപ്പെടുന്ന കമലഹാസൻ്റെ ജ്യേഷ്ഠൻ്റെ മകൾ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സംവിധായകരിൽ ഒരാളായ മണിരത്നത്തിൻ്റെ ജീവിത പങ്കാളി തുടങ്ങി പല നിലകളിൽ ശ്രദ്ധേയയാണ് സുഹാസിനി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം കരസ്ഥമാക്കിയ ആദ്യ വനിത എന്ന ബഹുമതിയും സുഹാസിനിയുടെ പേരിലാണ്.

1980-ൽ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനിക്ക് ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചിരുന്നു. പത്മരാജൻ്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സിന്ധുഭൈരവിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നടിക്ക് രണ്ടു തവണ കേരള സർക്കാർ അവാർഡും ലഭിച്ചിട്ടുണ്ട്. ഇന്ദിര എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

അഭിനയം എന്ന തൻ്റെ പ്രൊഫഷനോട് അങ്ങേയറ്റം ആത്മാർഥതയും അർപണബോധവും പുലർത്തുന്ന സുഹാസിനി ഇന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാണ്. സിനിമയിലെ തൻ്റെ ഡയലോഗുകളെല്ലാം നോട്ട് പുസ്തകത്തിൽ എഴുതി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഡയലോഗുകൾ ഒരു കഷണം കടലാസിൽ എഴുതി ആവശ്യം കഴിഞ്ഞാൽ എറിഞ്ഞു കളയുന്ന ശീലം തനിക്കില്ല. എറിഞ്ഞു കളയാനുള്ളതല്ല അത്തരം ഓർമകൾ. എന്നെന്നും സൂക്ഷിച്ചു വെയ്ക്കാനുള്ളതാണ്.

Related Posts