സംസ്ഥാന ചലച്ചിത്ര പുരസ്കാരം; സുഹാസിനി ജൂറി ചെയർപേഴ്സൺ

തിരുവനന്തപുരം: 2020-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കാൻ സ്ക്രീനിങ് തുടങ്ങി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ച ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. 80 സിനിമകളാണ് അവാർഡിന് അപേക്ഷിച്ചിരിക്കുന്നത്. ഇവയിൽ നാലെണ്ണം കുട്ടികൾക്കുള്ള ചിത്രങ്ങളാണ്.

പ്രാഥമിക ജൂറി, അന്തിമ ജൂറി എന്നീ രണ്ട് വിധി നിർണയ സമിതികൾ ആണുള്ളത്. പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണുള്ളത്. എട്ടുതവണ ദേശീയ പുരസ്കാരം നേടിയ കന്നഡ സംവിധായകൻ പി ശേഷാദ്രിയും സംവിധായകൻ ഭദ്രനും പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരാണ്. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെയും അംഗങ്ങളാണ്.

എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ പി രാജഗോപാലൻ, ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.

ഛായാഗ്രാഹകൻ സി കെ മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ ശശിധരൻ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും.

നിരൂപകൻ ഡോ. പി കെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. ചലച്ചിത്ര നിരൂപകരായ ഡോ. മുരളീധരൻ തറയിൽ, ഡോ. ബിന്ദുമേനോൻ, സി അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

മികച്ച നടനുള്ള പുരസ്കാരത്തിന് ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, ജയസൂര്യ, ബിജു മേനോൻ, പൃഥ്വിരാജ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. മികച്ച നടിക്കുള്ള പുരസ്കാരത്തിന് നിമിഷ സജയൻ, ശോഭന, സിജി പ്രദീപ്, അന്നാബെൻ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരാണുള്ളത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഭാരതപുഴ തുടങ്ങി പത്തോളം സിനിമകൾ മികച്ച ചിത്രത്തിനായി മത്സരിക്കുന്നു.

Related Posts