സുഖ്‌വിന്ദര്‍ സിംഗ് ഹിമാചൽ മുഖ്യമന്ത്രിയാകും; മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രി

ഷിംല: ഹിമാചൽ പ്രദേശ് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ സുഖ്‌വീന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഹൈക്കമാൻഡ് നിരീക്ഷകൻ ഭൂപേഷ് ബാഘേലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിലവിലെ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാനത്തെ ജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി സുഖു പറഞ്ഞു. തങ്ങളുടെ സർക്കാർ മാറ്റം കൊണ്ടുവരും. ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റേണ്ടത് എന്‍റെ ഉത്തരവാദിത്തമായിരിക്കും. സംസ്ഥാനത്തിന്‍റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും സുഖ്‌വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. 4 തവണ എം.എൽ.എയായ സുഖ്‌വീന്ദര്‍ മുൻ പിസിസി അധ്യക്ഷനുമാണ്. രാഹുൽ ഗാന്ധിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് കരുതുന്നത്. മുകേഷ് അഗ്നിഹോത്രി അഞ്ച് തവണ എം.എൽ.എയായ ആളാണ്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ ഭാര്യയും പിസിസി അദ്ധ്യക്ഷയുമായ പ്രതിഭാ സിംഗ് അവസാന നിമിഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചെങ്കിലും ഹൈക്കമാൻഡിന്‍റെ തീരുമാനം സുഖ്‌വീന്ദറിനൊപ്പമായിരുന്നു. വീരഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിംഗ് ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനം അംഗീകരിക്കുന്നതായി നിയമസഭാ കക്ഷി യോഗത്തിന് ശേഷം പ്രതിഭാ സിംഗ് പറഞ്ഞു.

Related Posts