സുകുമാരക്കുറുപ്പ് ബുർജ് ഖലീഫയിൽ; എത്തുന്നത് നവംബർ 10-ാം തീയതി രാത്രി 8.10-ന്

മനുഷ്യ നിർമിതികളിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിൽ ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ് ' എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പ്രദർശിപ്പിക്കുന്നു. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്ലർ ഇവിടെ പ്രദർശിപ്പിക്കുന്നത്. നവംബർ 10-ാം തീയതി ബുധനാഴ്ച രാത്രി 8.10-നാണ് ബുർജ് ഖലീഫയിൽ സുകുമാരക്കുറുപ്പ് പ്രത്യക്ഷപ്പെടുന്നത്. ലോകത്തിൻ്റെ തന്നെ ശ്രദ്ധാകേന്ദ്രമായ കെട്ടിടത്തിൽ ചിത്രത്തിൻ്റെ ട്രെയ്ലർ പ്രദർശിപ്പിക്കുന്നതിൽ അങ്ങേയറ്റം ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

35 കോടി രൂപ മുതൽ മുടക്കിൽ ദുൽഖർ തന്നെയാണ് കുറുപ്പ് നിർമിച്ചത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിൻ്റെ സംവിധാനം. 40 കോടി രൂപവരെ നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തിട്ടും അത് വേണ്ടെന്നുവെച്ച് തിയേറ്ററിൽത്തന്നെ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. 'മരക്കാർ' അടക്കം പ്രദർശന സജ്ജമായ മുഴുവൻ മോഹൻലാൽ ചിത്രങ്ങളും ഒടിടിക്ക് നൽകുമെന്ന നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിൽ ഒട്ടേറെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കുറുപ്പ് തിയേറ്ററിൽ പ്രദർശനത്തിനെത്തുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി ചിത്രം മാറും എന്നാണ് സിനിമാ ലോകത്തിൻ്റെ വിലയിരുത്തൽ.

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിൻ്റെ ജീവിതമാണ് ചിത്രത്തിൻ്റെ പ്രമേയം. സുകുമാര കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകൻ ജിതിൻ ചാക്കോ നേരത്തേ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് സിനിമ എന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ നിർമാതാക്കൾ അദ്ദേഹത്തിനായി കൊച്ചിയിൽ പ്രത്യേക പ്രദർശനമൊരുക്കി. സിനിമ കണ്ടതോടെ അദ്ദേഹം നിലപാട് മാറ്റി. മലയാളികളെല്ലാം സിനിമ കാണണമെന്നും തൻ്റെ പിതാവിനെ കൊലപ്പെടുത്തിയതിനും അപ്പുറത്തുള്ള സുകുമാരക്കുറുപ്പിൻ്റെ അറിയപ്പെടാത്ത ജീവിതമാണ് മറനീക്കി പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും നവംബർ 12-ന് വെള്ളിയാഴ്ച അഞ്ചു ഭാഷകളിലായി കുറുപ്പ് പാൻ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ തിയേറ്ററുകൾ ഉത്സവപ്പറമ്പുകളായി മാറുമെന്നാണ് സിനിമാ വൃത്തങ്ങളിലെ കണക്കുകൂട്ടലുകൾ.

Related Posts