മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായ സുലൈമാൻ ഖാലിദ് സേട്ട് അന്തരിച്ചു

എറണാകുളം: മുസ്ലിംലീഗ് മുൻ ദേശീയ പ്രസിഡണ്ട് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകനും മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ സുലൈമാൻ ഖാലിദ് സേട്ട്(71) അന്തരിച്ചു.

ശ്വാസ തടസത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിലായിരുന്നു. കെഎംഇഎ മുൻ സംസ്ഥാന സെക്രട്ടറിയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. എംഎസ്എഫ് എറണാകുളം ജില്ലാ പ്രസിഡണ്ട്, മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട്, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഇൻഡസ്ട്രീസ് മുൻ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ എൻ എൽ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന സുലൈമാൻ ഖാലിദ് സേട്ട് പിന്നീട് മുസ്‌ലിംലീഗിൽ തിരിച്ചെത്തുകയും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു. ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന സുലൈമാൻ ഖാലിദ് ക്രസന്റ് മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്നം ഖാലിദ്. മകൾ: ഫാത്തിമ നൂറൈൻ. മരുമകൻ: ഹിഷാം ലത്തീഫ് സേട്ട്. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് , ഉഫ്റ, റഫിയ, ദസ്ലീൻ സഹോദരങ്ങളാണ്.

Related Posts