ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ച് സുമേഷും രമേഷും; നവംബർ 26-ന് ചിത്രം തിയേറ്ററിലെത്തും
ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സുമേഷ് & രമേഷ് നവംബർ 26-ന് തിയേറ്ററിൽ റിലീസ് ചെയ്യും. 2019-ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്നത്. സുമേഷ് ശ്രീനാഥ് ഭാസിയും രമേഷ് ബാലു വർഗീസുമാണ്. ഇന്ദു കലാധരൻ എന്ന കഥാപാത്രമായി സലിം കുമാറും ഉഷമോളായി പ്രവീണയും വേഷമിടുന്നു. അർജുൻ അശോകൻ, ദേവിക കൃഷ്ണൻ, അഞ്ജു കൃഷ്ണ അശോക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവാഗതനായ സനൂപ് തൈക്കുടമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സഹോദരങ്ങൾക്കിടയിലെ കലഹമാണ് സുമേഷ് & രമേഷിലൂടെ ചിത്രീകരിക്കുന്നത്. രമേഷിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കാനാണ് സുമേഷിൻ്റെ എപ്പോഴത്തേയും ശ്രമങ്ങൾ. സുമേഷിനെ തറപറ്റിക്കുന്നതിനെ കുറിച്ചാണ് രമേഷിൻ്റെ എപ്പോഴത്തേയും ചിന്തകൾ. സഹോദരങ്ങൾക്കിടയിലെ ഈ കാറ്റ്-ആൻ്റ്-മൗസ് കളി തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. സഹോദരങ്ങൾക്കിടയിലെ വഴക്കിനും ബഹളത്തിനുമിടയിൽ വീർപ്പുമുട്ടുന്ന അമ്മയുടെ വേഷമാണ് പ്രവീണയ്ക്ക്. അച്ഛൻ വേഷത്തിലാണ് സലിം കുമാർ. ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി എന്ന ഗ്രാമപ്രദേശത്താണ് സിനിമ ഏതാണ്ട് പൂർണമായും ചിത്രീകരിച്ചത്.
വൈറ്റ് സാൻഡ്സ് മീഡിയ ഹൗസിൻ്റെ ബാനറിൽ കെ എൽ 7 എൻ്റർടെയ്ൻമെൻ്റ്സുമായി ചേർന്ന് ഫരീദ് ഖാനാണ് ചിത്രം നിർമിക്കുന്നത്. ഷലീൽ അസീസ്, ഷിബു എന്നിവർ സഹനിർമാതാക്കളാണ്. സംവിധായകനായ സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആൽബിയും എഡിറ്റിങ്ങ് അയൂബ് ഖാനും നിർവഹിക്കുന്നു. യാക്സൺ ഗാരി പെരേര, നേഹ എസ് നായർ എന്നിവരാണ് സംഗീത സംവിധായകർ.