സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെട്ടേക്കും; 4 ജില്ലകളിൽ ഇടമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടാൻ സാധ്യത. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ നാലു ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.