എഐഎഫ്എഫിന്‍റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സുനന്ദോ ധർ
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സുനന്ദോ ധർ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ധർ 2010 മുതൽ ഫെഡറേഷനോടൊപ്പമുണ്ട്. അതേ വർഷം തന്നെ ധറിനെ ഐ ലീഗിന്‍റെ സിഇഒയായും നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം ധർ ഫെഡറേഷന്‍റെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. ഫിഫ വിലക്ക് ഏർപ്പെടുത്തിയ സമയത്ത് ഫെഡറേഷന്‍റെ പ്രവർത്തനങ്ങളുടെ ചുമതല ധറിനായിരുന്നു. ധർ സ്ഥാനമൊഴിയുമെങ്കിലും പകരം പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ നിയമിച്ചേക്കില്ല. നിലവിലെ അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി അനിൽ കാമത്തിന് ഈ ചുമതലകൾ നൽകിയേക്കും. 20 വർഷത്തിലേറെയായി കാമത്ത് എ.ഐ.എഫ്.എഫിന്‍റെ ഭാഗമാണ്.