സൺഡേ ലോക്ഡൗൺ; തിയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്കെതിരെ തിയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ചത്തെ നിയന്ത്രണത്തില്‍ തിയറ്ററുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ചയും വരുന്ന ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൊവിഡ് അവലോകന യോഗം തീരുമാനിച്ചത്. ആള്‍ക്കൂട്ടം തടയുന്നതിന് മാളുകളും തിയറ്ററുകളും അടക്കം അന്നേദിവസം അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് തിയറ്ററുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. പകുതി പേരെ മാത്രം പ്രവേശിപ്പിക്കാന്‍ അനുവദിച്ച് ഞായറാഴ്ചകളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.
കൊവിഡ് അതിവ്യാപനം നേരിടുന്ന തിരുവനന്തപുരത്തെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ തിയറ്ററുകളും നീന്തല്‍ക്കുളങ്ങളും ജിമ്മുകളും അടച്ചിടണം. തിരുവനന്തപുരം ജില്ലയിലെ പൂര്‍ണ അടച്ചിടലില്‍ നിന്ന് തിയറ്ററുകളെ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരത്തെ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നീതികരിക്കാനാകാത്തതെന്നാണ് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈറസ് തിയേറ്ററില്‍ മാത്രം കയറും എന്നത് എന്ത് യുക്തിയാണെന്നും അദ്ദേഹം ചോദിച്ചു.