സിനിമയെ വിമർശിച്ച് സുനിൽ പി ഇളയിടം; ഇളയിടത്തെ വിമർശിച്ച് ഇഞ്ചിപ്പെണ്ണ്

ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലെ അസംഘടിതർ എന്ന സെഗ്മെൻ്റിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് പ്രമുഖ ഇടത് ചിന്തകൻ സുനിൽ പി ഇളയിടം. സിനിമ പൊളിറ്റിക്കലി കറക്റ്റ് ആകുന്നത് വളരെ നല്ലതാണ്, എന്നാൽ സിനിമയും കൂടിയാകണം എന്നാണ് ഇളയിടത്തിൻ്റെ വിമർശനം. ഫേസ് ബുക്കിൽ എഴുതിയ ഒറ്റവരി കുറിപ്പിലാണ് സിനിമയുടെ പേര് പറയാതെയുള്ള ഇളയിടത്തിൻ്റെ വിമർശനം.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിയോ ബേബി അവതരിപ്പിച്ച ആന്തോളജി സിനിമയാണ് ഫ്രീഡം ഫൈറ്റ് അഥവാ സ്വാതന്ത്ര്യ സമരം. ജിയോ ബേബിക്കു പുറമേ കുഞ്ഞില മാസിലാമണി, അഖിൽ അനിൽ കുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് നാല് സെഗ്മൻ്റുകൾ സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിൽ കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത അൺ ഓർഗനൈസ്ഡ് അഥവാ അസംഘടിതർ എന്ന സെഗ്മെൻ്റിന് എതിരെ നേരത്തേ തന്നെ വിമർശനം ഉയർന്നിരുന്നു. പൊളിറ്റിക്കലി കറക്റ്റ് ആണെങ്കിലും സിനിമ എന്ന നിലയിൽ വേണ്ടത്ര നന്നായില്ല എന്ന വിമർശനമാണ് വന്നത്. കോഴിക്കോട്ടെ മിഠായിത്തെരുവിലെ ടെക്സ്റ്റയിൽ തൊഴിലാളികളുടെ അതിജീവന പോരാട്ടങ്ങൾ പ്രമേയമായ സിനിമയിൽ വിജി പെൺകൂട്ട്, അജിത ഉൾപ്പെടെയുള്ളവർ കടന്നു വരുന്നുണ്ട്. ശ്രിന്ദയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിൽ വ്യക്തിപരമായി താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് അസംഘടിതർ ആണെന്ന് ജിയോ ബേബി പറഞ്ഞിരുന്നു.

പോസ്റ്റിൽ എവിടെയും ഏത് സിനിമയെക്കുറിച്ചാണ് എന്ന് പറയുന്നില്ലെങ്കിലും പൊളിറ്റിക്കലി കറക്റ്റ് എന്ന പ്രയോഗം വിരൽ ചൂണ്ടുന്നത് അസംഘടിതരിലേക്കാണ് എന്നത് വ്യക്തം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഇഞ്ചിപ്പെണ്ണ് അടക്കമുളളവർ ഇളയിടത്തെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പോസ്റ്റിൽ ഇട്ട ഒരു കമൻ്റിലൂടെ ഇളയിടത്തിൻ്റേത് പുരുഷാധിപത്യ ക്രൂരതയാണ് എന്ന് ഇഞ്ചിപ്പെണ്ണ് വിമർശിക്കുന്നു. കലയിലും സാഹിത്യത്തിലും ബ്രാഹ്മണ മേധാവിത്വം ഈ രീതിയിലാണ് പ്രതികരിക്കുക. പുരുഷാധിപത്യ സമൂഹത്തിൽ, എല്ലാത്തരം വ്യവസ്ഥാപിത വെല്ലുവിളികളോടും കടുത്ത സാമൂഹിക യാഥാർഥ്യങ്ങളോടും പടവെട്ടി സ്ത്രീകളും ന്യൂനപക്ഷങ്ങളും അവരുടെ സ്വതന്ത്രമായ ആവിഷ്കാരങ്ങളുമായി മുന്നോട്ടു വരുമ്പോൾ ഈ രീതിയിൽ പ്രതികരിക്കുന്നത് ശരിയല്ല. സൂപ്പർ സ്റ്റാറുകളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചവറുചിത്രങ്ങൾ ഇറങ്ങുമ്പോഴൊന്നും ഇത്തരം വിമർശനങ്ങളുമായി ഇളയിടം വരാറില്ല. കാരണം സമൂഹത്തിൽ അവരുടെ സ്ഥാനവും പദവിയും അത്തരത്തിൽ ഉള്ളതാണ്.

Related Posts