ഫ്രാൻസിന് കനത്ത തിരിച്ചടി; സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ല
ദോഹ: ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. ടീമിന്‍റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ലെന്ന വാര്‍ത്തയാണ് ഫുട്ബോള്‍ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയത്. പരിശീലനത്തിനിടെ ഇടത് തുടയിലേറ്റ പരിക്കാണ് താരത്തിനും ടീമിനും തിരിച്ചടിയായത്. മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ബെൻസേമയുടെ പിന്മാറ്റം. ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാര ജേതാവാണ് ബെൻസേമ. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ പരിക്കേറ്റ് ടീമില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.