സപ്ലൈകോ ഓണം ഫെയർ: ജില്ലാതല സ്റ്റാളുകൾ ഇന്ന് മുതൽ
ഓണം ആഘോഷമാക്കാൻ സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ. ഇന്നും നാളെയുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകൾ ആരംഭിക്കും. ബുധനാഴ്ച മുതൽ താലൂക്കുതല ഫെയറുകളും തുടങ്ങും. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനം എന്നിവയും ഒരുക്കും.
സപ്ലൈകോ ഓണം ഫെയർ’23യിൽ നിത്യാപയോഗ സാധനങ്ങൾ, പച്ചക്കറി, മിൽമ ഉൽപന്നങ്ങൾ എന്നിവക്ക് പുറമെ വൻകിട കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കും. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവർത്തന സമയം. ഓഗസ്റ്റ് 28 വരെയാണ് ഫെയർ നടക്കുക. ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിൽപ്പന രീതികളും സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സബ്സിഡി സാധനങ്ങൾക്ക് പുറമെ വിവിധ ഓഫറുകളും ലഭ്യമാണ്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വെള്ള, നീല കാർഡുടമകൾക്ക് സ്പെഷ്യലായി അഞ്ച് കിലോ അരി റേഷൻകടകളിലൂടെ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത ദിവസം കൺസ്യൂമർഫെഡിന്റെ 1600 ഓണചന്തകളും ആരംഭിക്കും. അതുവഴി, ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും.