സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു; ഓസ്കർ ജേതാവ് തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിൽ
ടെഹ്റാൻ: ഓസ്കർ ജേതാവും പ്രമുഖ ഇറാനിയൻ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിൽ. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സെപ്റ്റംബർ 16 ന് മരിച്ചതോടെ ഇറാനിലുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാരെ പിന്തുണച്ചതിനാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തത്. അലിദോസ്തി ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായി പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 2016-ൽ 'ദ സെയിൽസ്മാൻ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലിദോസ്തിയ്ക്ക് ഓസ്കർ പുരസ്കാരം ലഭിച്ചത്. അലിദോസ്തിയുടെ 'ലെയ്ലാസ് ബ്രദേഴ്സ്' ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഡിസംബർ എട്ടിന് പ്രതിഷേധക്കാരെ പിന്തുണച്ച് അലിദോസ്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ കുറിപ്പിന്‍റെ പേരിലാണ് അറസ്റ്റ്. അതേസമയം, നവംബർ 9 ന് നടി ഇൻസ്റ്റാഗ്രാമിൽ മുഖാവരണം ധരിക്കാത്ത ചിത്രം പങ്കുവച്ചുകൊണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായ 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്നെഴുതിയ ബോർഡും അലിദോസ്തി പിടിച്ചിരുന്നു. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി അവർ താൽക്കാലികമായി അഭിനയം നിർത്തിയിരുന്നു.