പെഗാസസില്‍ സംസ്ഥാനങ്ങളോട് വിവരങ്ങള്‍ തേടി സുപ്രീം കമ്മിറ്റി
ഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച അന്വേഷത്തില്‍ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കത്ത്. സംസ്ഥാനങ്ങൾ പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കിൽ ഇതിന്‍റെ വിശദ വിവരങ്ങൾ അറിയിക്കാണെന്ന് നിർദ്ദേശിച്ചാണ് സുപ്രീംകോടതി കത്തയച്ചിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിർദ്ദേശം. വിശദാംശങ്ങൾ ആവശ്യപ്പെട്ട് സമിതി സംസ്ഥാന പൊലീസ് മേധാവിമാർക്ക് കത്ത് അയച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിരുന്നു. നവീന്‍കുമാര്‍ ചൗധരി, പ്രഭാരന്‍ പി, അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.
ഏപ്രിൽ മൂന്നാം വാരമാണ് സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്ത് നൽകിയത്. ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതേങ്കിലും ഏജൻസികളോ പൗരന്മാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്.