അബ്ദുൽ കലാം സർവകലാശാല വി സി നിയമനം റദ്ദാക്കി സുപ്രീംകോടതി
കൊല്ലം: ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം റദ്ദാക്കി. ഡോ.രാജശ്രീ എം.എസിന്‍റെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് ഡോ.രാജശ്രീ പറഞ്ഞു. എം.എസ്.രാജശ്രീയുടെ നിയമനം ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യു.ജി.സി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പാക്കാൻ ബാധ്യസ്ഥമാണെന്ന സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചത്. എം.എസ്. രാജശ്രീയുടെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിനായി ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരാളുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.