ആരോപണമല്ല, മെഡിക്കൽ തെളിവുകൾ വേണം; സുപ്രീംകോടതി

ചികിത്സ പരാജയപ്പെട്ടതുകൊണ്ടുമാത്രം ഡോക്ടർ കുറ്റക്കാരനാവില്ലെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: ചികിത്സ പരാജയപ്പെടുകയോ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിക്കുകയോ ചെയ്തുവെന്നതുകൊണ്ടുമാത്രം ഡോക്ടർമാരെ കുറ്റക്കാരായി കാണാനാവില്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ പിഴവ് സംഭവിച്ചുവെന്നത് സുവ്യക്തമായിരിക്കണമെന്നും തോന്നലുകളുടെ അടിസ്ഥാനത്തിലാകരുതെന്നും ചികിത്സയിൽ അശ്രദ്ധയോ വീഴ്ചയോ സംഭവിച്ചു എന്നതിന് മെഡിക്കൽ രേഖകളോ തെളിവോ ആവശ്യമാണെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വൃക്കരോഗത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ച സംഭവത്തിൽ ഡോക്ടറും ആശുപത്രിയും കുറ്റക്കാരാണെന്നും 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചിരുന്നു.

ഈ കേസിൽ ആരോപണമല്ലാതെ മെഡിക്കൽ തെളിവുകളില്ല. ചികിത്സ ഫലിക്കാതാവുകയോ ശസ്ത്രക്രിയയിൽ രോഗി മരിക്കുകയോ ചെയ്യുന്ന ഓരോ കേസിലും ഡോക്ടർമാരുടെ പിഴവ് സംശയിക്കാറുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തെ മെഡിക്കൽ തെളിവായി കാണാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഡോ. ഹരീഷ് കുമാർ ഖുറാന നൽകിയ പരാതിയിൽ കമ്മീഷന്റെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Related Posts