നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം ശിക്ഷാർഹമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യു.എ.പി.എ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസ് എടുക്കാനാകില്ലെന്ന 2011ലെ വിധി റദ്ദാക്കി. അരൂപ് ഭുയൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം, ഇന്ദ്ര ദാസ് വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം, റനീഫ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നീ വിധികളാണ് റദ്ദാക്കിയത്. ഇതോടെ നിരോധിത സംഘടനയിലെ അംഗത്വത്തിന്റെ പേരിൽ യു.എ.പി.എ നിയമത്തിലെ സെക്ഷൻ 10 (എ)(ഐ) പ്രകാരം കേസെടുക്കാമെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവി കുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2011 ൽ ജസ്റ്റിസുമാരായ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അംഗത്വം കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. 2014ൽ ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം. സാപ്രെ എന്നിവരുടെ ബെഞ്ച് വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ശുപാർശ ചെയ്തു. ഫെബ്രുവരി എട്ടിന് മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേട്ട ശേഷമാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Posts