ഉപാധികളോടെ രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി

ഡൽഹി: സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും ഒരു പ്രതികരണവും പാടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്നായിരുന്നു സർക്കാർ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചതായി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിലേക്ക് പോകുന്നു എന്ന അടിക്കുറിപ്പോടെയാണ് രഹ്ന ഫാത്തിമ കറുത്ത വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. രഹ്‌നയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രഹ്നയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചുവരുത്തുമ്പോൾ ഹാജരാകുക, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാധ്യമങ്ങൾ വഴി അഭിപ്രായം പറയരുത് തുടങ്ങി അഞ്ച് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Related Posts