അഭിഭാഷകന്റെ "പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ'' തള്ളി സുപ്രീം കോടതി, 10000 രൂപ പിഴയും ചുമത്തി

കൊവിഡ് ബാധിച്ചു മരിച്ച 60 വയസ്സിനു താഴെയുള്ള അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ നിർദേശിക്കണം എന്ന "പൊതു താത്പര്യ ഹർജി" തളളി സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, വിക്രം നാഥ്, ബി വൈ നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അഭിഭാഷകർക്ക് മാത്രമായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാനാവില്ല എന്ന് അഭിപ്രായപ്പെട്ടത്.

അഭിഭാഷകനായ പ്രദീപ് കുമാർ യാദവ് നൽകിയ ഹർജി പബ്ലിസിറ്റി മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരുടെ ജീവന് മറ്റുള്ളവരുടെ ജീവനേക്കാൾ വിലയുണ്ടോ എന്ന് കോടതി ചോദിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കെല്ലാം ന്യായമായ നഷ്ട പരിഹാരം നൽകണമെന്ന സുപ്രീം കോടതിയുടെ തന്നെ നേരത്തേയുള്ള വിധി പരാമർശിച്ചു കൊണ്ടാണ് കോടതി അത്തരമൊരു ചോദ്യം ഉന്നയിച്ചത്.

കട്ട്-കോപ്പി-പേസ്റ്റ് ആണ് അഭിഭാഷകൻ്റെ ഹർജിയെന്ന് കോടതി കുറ്റപ്പെടുത്തി.

ഇത്തരം ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഹർജി പിൻവലിക്കാമെന്നും കൂടുതൽ വിശദാംശങ്ങളോടെ പുനരവതരിപ്പിക്കാമെന്നും അഭിഭാഷകൻ പറഞ്ഞെങ്കിലും 10,000 രൂപ പിഴയടക്കാനുള്ള നിർദേശം നൽകി ഹർജി തള്ളുകയായിരുന്നു.

Related Posts