ഗൂഗിളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല

ന്യൂ ഡൽഹി: ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റണമെന്ന് ഗൂഗിളിനോട് നിര്‍ദ്ദേശിച്ച കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഗൂഗിളിനെക്കുറിച്ചുള്ള സിസിഐയുടെ കണ്ടെത്തലുകൾ അധികാരപരിധിയിൽ അല്ലാത്തതോ പ്രകടമായ പിഴവോടെയോ ആണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാലും ഉത്തരവ് പാലിക്കാൻ കോടതി ഗൂഗിളിന് ഒരാഴ്ച സമയം നീട്ടി നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 97 ശതമാനം സ്മാർട്ട് ഫോണുകളിലെയും ആധിപത്യം ചൂഷണം ചെയ്തതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) കമ്പനിക്ക് കനത്ത പിഴ ചുമത്തിയിരുന്നു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 1,337 കോടി രൂപ പിഴയുടെ 10 ശതമാനം അടയ്ക്കാൻ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ഉത്തരവിട്ടിരുന്നു. വിധി തടയാനുള്ള അപേക്ഷ ട്രൈബ്യൂണൽ തള്ളിയതിനെ തുടർന്ന് ഉത്തരവിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിസിഐയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ദീർഘകാല ബിസിനസ്സ് മോഡലിനെയും ഉപഭോക്തൃ താൽപ്പര്യങ്ങളെയും ബാധിക്കുമെന്ന് കമ്പനി വാദിച്ചിരുന്നു. ഒന്നിലധികം വിപണികളിൽ ആൻഡ്രോയിഡ് മൊബൈൽ ദുരുപയോഗം ചെയ്തതിനും കോമ്പറ്റീഷൻ ആക്ടിലെ സെക്ഷൻ 4 ലംഘിച്ചതിനും 2022 ഒക്ടോബറിലാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് പിഴ ചുമത്തിയത്.

Related Posts