വീടുപണിയാൻ പണം ചോദിക്കുന്നതും സ്ത്രീധനക്കുറ്റം; സുപ്രീംകോടതി

ന്യൂഡൽഹി: ഭർതൃവീട്ടുകാർ വീടുപണിയാനായി പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന് കീഴിൽ വരുമെന്ന് സുപ്രീംകോടതി. വീടുവയ്ക്കാൻ പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിനു കീഴിൽ വരില്ലെന്ന ഹൈക്കോടതി നിലപാട് തള്ളിയ സുപ്രീംകോടതി ഇക്കാര്യത്തിൽ വിചാരണകോടതിയുടെ വ്യാഖ്യാനമാണ് ശരിയെന്ന് വിലയിരുത്തി. മധ്യപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ​ഗർഭിണി തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാനവിധി. സ്ത്രീധനമരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304-ബി പ്രകാരമുള്ള കുറ്റമാണിതെന്ന് സുപ്രീകോടതി വ്യക്തമാക്കി. സംഭവത്തിൽ ഭർത്താവിനും ഭർതൃപിതാവിനും വിചാരണകോടതി വിധിച്ച ശിക്ഷ ഇളവുചെയ്ത് ഹൈക്കോടതിയുടെ നടപടി റദ്ദാക്കി. വിചാരണകോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിച്ചു.

സ്ത്രീധനമരണക്കേസിൽ ഭർത്താവിനും ഭർതൃപിതാവിനും ജീവപര്യന്തവും ആത്മഹത്യാപ്രേരണ, സ്ത്രീധനം ചോദിച്ച് പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് ഭർത്താവിന് യഥാക്രമം ഏഴും മൂന്നും വർഷം തടവുമാണ് വിചാരണക്കോടതി വിധിച്ചത്. എന്നാൽ ഹൈക്കോടതി ഭർതൃപിതാവിനെ പൂർണമായി കുറ്റവിമുക്തനാക്കുകയായിരുന്നു. ഒന്നാം പ്രതിയായ ഭർത്താവിനെ സ്ത്രീധന മരണം‌, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കി. സ്ത്രീധനം ചോദിച്ച് പീ‍ഡിപ്പിച്ച കുറ്റത്തിന് മൂന്നു വർഷം ശിക്ഷിച്ചത് ശരിവച്ചു. വിചാരണക്കാലയളവിൽ ജയിലിൽ കഴിഞ്ഞത് കണക്കിലെടുത്ത് ഭർത്താവിനെ മോചിപ്പിച്ചിരുന്നു.

Related Posts