അംബാനിക്കും കുടുംബത്തിനും എല്ലായിടത്തും സെഡ് പ്ലസ് സുരക്ഷ നൽകണം: സുപ്രീം കോടതി
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ഇതിന്‍റെ ചെലവ് അംബാനി കുടുംബം വഹിക്കേണ്ടി വരും. കുടുംബം മഹാരാഷ്ട്രയിലാണെങ്കിൽ സംസ്ഥാന സർക്കാരിനും ബാക്കി സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷാ ചുമതലയുണ്ടാകുക. അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിനെതിരായ ഹർജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ഫയലുമായി കോടതിയിൽ ഹാജരാകാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനോട് ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ജൂണിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.