യുപിയിൽ ലൈസൻസില്ലാതെ തോക്ക് കൈവശം വെക്കുന്നതിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ലൈസൻസില്ലാത്ത തോക്കുകളും ആയുധങ്ങളും അനധികൃതമായി കൈവശം വെക്കുന്നതിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഉത്തർ പ്രദേശിൽ ആളുകൾ അനധികൃതമായി വലിയ തോതിൽ തോക്കുകൾ കൈവശം വെക്കുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. താൻ കേരളത്തിൽ നിന്നാണ് വരുന്നതെന്നും അവിടെ ഇത് കേട്ടുകേൾവിയില്ലാത്തതാണെന്നും വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. തോക്ക് സംസ്കാരം ഫ്യൂഡൽ മനോഭാവത്തിന്‍റെ പ്രതിഫലനമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു. തോക്ക് കൈവശം വെക്കുന്നത് അമേരിക്കയിൽ മൗലികാവകാശമാണ്. ഇന്ത്യയിൽ അത്തരമൊരു അവകാശം നൽകാതിരിക്കാനുള്ള വിവേകം ഭരണഘടനയുടെ ശിൽപികൾക്ക് ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. അനധികൃതമായി തോക്കുകൾ കൈവശം വെക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. അനധികൃതമായി ആയുധം കൈവശം വെച്ചതിന് ആയുധ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ നൽകാനും കോടതി ആവശ്യപ്പെട്ടു. ഇതിനായി യുപി സർക്കാരിന് കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.

Related Posts