വോട്ടിങ് മെഷീനെതിരെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാൻ സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറിന് പകരം ഇ വി എം മെഷീനുകള്‍ ഉപയോഗിക്കുന്നതിന് എതിരൈയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി. ഇ വി എം മെഷീനുകള്‍ ഉപയോഗിക്കാനായി അനുമതി നല്‍കിയ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇ വി എമ്മുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 61 എ പാര്‍ലമെന്റ് പാസാക്കിയിട്ടില്ലെന്നും അതിനാല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ശര്‍മ ചൂണ്ടിക്കാട്ടി. തെളിവുകള്‍ സഹിതമുള്ള ഹര്‍ജിയാണ് താന്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹര്‍ജിയില്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.