മിന്നലടിച്ച ദശമൂലം ദാമു; ടൊവിനോയുടെ പറക്കൽ ചലഞ്ചായി ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമ്മൂട്
മിന്നൽ മുരളിയിലെ നായകൻ ടൊവിനോ തോമസിൻ്റെ സൂപ്പർ ഹീറോ പറക്കൽ ചലഞ്ചായി ഏറ്റെടുത്ത് മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമ്മൂട്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ടൊവിനോയുടെ വീഡിയോ വൈറലായിരുന്നു. 26 ലക്ഷത്തിലേറെ പ്രേക്ഷകരെയാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോയിൽ ടൊവിനോ കാണിച്ച ഫ്ലൈയിങ്ങ് ലെസനാണ് സുരാജ് വെല്ലുവിളി പോലെ ഏറ്റെടുത്തത്.
പുഷ് അപ് സ്റ്റൈലിൽ പോസ് ചെയ്തതിനുശേഷം കൈകളിൽ ശക്തി സംഭരിച്ച് ഉയർന്നു പൊങ്ങി ശരീരം ഏതാനും നിമിഷം അന്തരീക്ഷത്തിൽ താങ്ങി നിർത്തി മിന്നൽ മുരളി സ്റ്റൈലിൽ പറക്കുന്ന വീഡിയോയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്. ടൊവിനോയുടെ ഫോട്ടോയ്ക്കൊപ്പം തൻ്റെ പറക്കൽ ചിത്രം കൂടി എഡിറ്റ് ചെയ്ത് ചേർത്താണ് സുരാജിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
വെടിക്കെട്ട് പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. "വൻ പൊളി" എന്ന കിടിലൻ കമൻ്റോടെ പ്രതികരണങ്ങൾക്ക് തീ കൊടുത്തത് സാക്ഷാൽ ടൊവിനോ തന്നെ. "സിവനേ ഇതേത് ജില്ല" എന്നാണ് ഒരാൾ ചോദിക്കുന്നത്. "നിലത്ത് വീണ ഫോട്ടോ വേണ്ട" എന്ന് ഒരാൾ പറയുമ്പോൾ "ഒരൗൺസ് ദശമൂലം അടിച്ച മിന്നൽ ദാമു" എന്ന് വേറൊരാൾ കളിയാക്കുന്നു. "വീഡിയോ ഇട്ട് സോഷ്യൽ മീഡിയ കത്തിക്കൂ സുരേജേട്ടാ" എന്നും "ദശമൂലം ദാമുവിനോടാ മിന്നലിൻ്റെ കളി" എന്നും പോസ്റ്റിന് താഴെ കമൻ്റുകളുടെ കൂട്ടപ്പൊരിച്ചിലാണ്.