മൺസൂൺ ബുക്സ് ഏർപ്പെടുത്തിയ 2022 ലെ കഥാപുരസ്കാരം സുരേന്ദ്രൻ മങ്ങാട്ടിന്

പൊലീസ് സേനയിലെ ബഹുമുഖ വ്യക്തിത്വം

മൺസൂൺ ബുക്സ് ഏർപ്പെടുത്തിയ 2022 ലെ കഥാപുരസ്കാരത്തിൽ ഒന്നാം സ്ഥാനത്തിന് സുരേന്ദ്രൻ മങ്ങാട്ട് എഴുതിയ 'നിരുപാധികം' എന്ന കഥയും, നിർമ്മല സുദര്ശനന്റെ 'കാവ്യനീതി' എന്ന കഥയും തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം സമ്മാനത്തിന്‌ ദേവൂസ്‌ (തൃശൂര്‍) കഥ “പൊട്ടിച്ചക്കി", ജയന്തി അറക്കല്‍ (തൃശൂര്‍) കഥ“പുമരച്ചോട് ബസ്റ്റോപ്പ് ', രമ്യ ബാലകൃഷ്ണന്‍ (കോഴിക്കോട് ) കഥ 'പൊതിച്ചോറ്‌' എന്നിവര്‍ അര്‍ഹരായി. മുന്നാം സമ്മാനത്തിന്‌ ബിന്‍സി മരിയ എന്‍ (കണ്ണൂര്‍) കഥ “സാന്റ', രതി കല്ലട (തൃശൂര്‍) കഥ 'കടാവര്‍", വിശാഖ്‌ എ൯ രാജ്‌ (കോട്ടയം) കഥ 'കളി മതിയാക്ക് എന്നിവരും അര്‍ഹരായി.

പൊലീസ് ഉദ്യോഗസ്ഥനായ സുരേന്ദ്രൻ മങ്ങാട്ട് തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ എറവ് സ്വദേശിയാണ്. കൊമേഴ്‌സിൽ ബിരുദവും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1998 ൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിൾ തസ്തികയിൽ സർക്കാർ സേവനത്തിൽ പ്രവേശിച്ചു. 2003 ൽ സബ് ഇൻസ്‌പെക്ടർ ആയി നേരിട്ടുള്ള നിയമനം. 2011 ൽ സർക്കിൾ ഇൻസ്‌പെക്ടർ. വലപ്പാട്, കൊടുങ്ങല്ലൂർ, മാള സർക്കിളുകളിൽ മികവുറ്റ ക്രമസമാധാനപാലനത്തോടൊപ്പം,ആത്മാർത്ഥമായ ജനസേവന പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയ വ്യക്തിത്വം. കർശനമായ നടപടികളിലൂടെ നിയമപാലനം നടത്തുമ്പോഴും മാനുഷീകമൂല്യങ്ങൾ മുറുകെ പിടിക്കുന്ന അപൂർവ്വം ഉദ്യോഗസ്ഥരിൽപ്പെടുന്നയാൾ. നാല് വർഷത്തെ വിജിലെൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയിൽ ഇൻസ്‌പെക്ടറായിട്ടുള്ള പ്രവർത്തനത്തിനു ശേഷം വടക്കെക്കാട്‌ സ്റ്റേഷൻ ഹൗസ് ഓഫീസറായി സേവനമനുഷ്ഠിച്ചു. വിജിലൻസിലെ കുറ്റാന്വേഷണ മികവിനു 2018-ലെ മുഖ്യമന്ത്രിയുടെ "ബാഡ്ജ് ‌ഓഫ്‌ ഓണർ" അംഗീകാരം ലഭിച്ചിട്ടുണ്ട്‌. 2021 ൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്.

കേരള പോലീസിന്റെ മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള CARE പദ്ധതി തുടങ്ങി തൃശൂർ ജില്ലയിലെ വളരെ ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആവിഷ്ക്കരിച്ചിട്ടുണ്ട്‌. മാളയിൽ സംഘടിപ്പിച്ച "അമ്മയ്ക്കൊരു കൂട്ട്‌ പദ്ധതി". ഒറ്റപ്പെട്ട്‌ ജീവിക്കുന്ന 93 അമ്മമാരുടെ ഒരു കൂട്ടായ്മ ആവിഷ്ക്കരിക്കുകയും അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട്‌ വന്ന് ഉത്തേജനവും പ്രോത്സാഹനവും നൽകുകയും ചെയ്യുന്ന ഒരു വേറിട്ട ആശയം പ്രവർത്തികമാക്കിയതും അദ്ദേഹത്തിന്റെ നേട്ടമാണ് .

മലയാള സാഹിത്യവും എഴുത്തും വായനയും സദാ അനുഗമിക്കുന്ന ഒരു കലാകാരൻ. അതിനാൽ തന്നെ മാറ്റത്തിന്റെ നീലിച്ച മരീചിക തന്റെ എഴുത്തിന്റെ മൃദുലമായ തലോടലിൽ വിരിയിക്കുന്ന എഴുത്താണ് അദ്ദേഹത്തിന്റേത്. നിരവധി നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ നാല് ചെറുകഥസമാഹാരങ്ങളിൽ "അണികളിൽ ഒരാൾ", "മണൽ വീടുകൾ", "മണ്ണും മരങ്ങളും പറഞ്ഞത്‌", "എരിഞ്ഞടങ്ങാത്ത പകൽ" എന്നിവ ഉൾകൊള്ളുന്നു. അദ്ദേഹത്തിന്റെ "കർമ്മം ക്രിയ", "കാലത്തിന്റെ തലേ വരകൾ", "സർവ്വം കാലകൃതം", "കാളമന ചെപ്പേടുകൾ" എന്നീ നോവലുകൾ യാഥാർഥ്യത്തിൽ മുങ്ങിയ ജീവിതത്തിന്റെ മുഖമുദ്ര പതിഞ്ഞസൃഷ്ടികളാണ്. മദ്ധ്യകേരളത്തിന്റെ 200 വർഷം പഴക്കമുള്ള ചരിത്രത്തിലൂടെ വായനക്കാരെ കൈപിടിച്ച്‌ വരവേൽക്കുന്ന നോവലായിരുന്നു "കാളമന ചെപ്പേടുകൾ" വായനക്കരുടെ ശ്രദ്ധ തീവ്രമായി പിടിച്ചു പറ്റിയ ഒരു നോവൽ കൂടിയായിരുന്നു അത്‌. ഒലിവ് ബുക്സ് പുറത്തിറക്കിയ "ദൈവത്തിന്റെ നോക്കെത്താ ദൂരങ്ങൾ "ക്ക് ശേഷം ബലരാമൻ, രാജമുദ്ര കേസ് ഡയറി എന്നീ നോവലുകൾ കൂടി പ്രസിദ്ധീകരിച്ചു.

ലോക ചരിത്രത്തിൽ ആദ്യമായി പോലീസ് സേന തയ്യാറാക്കിയ "ഡയൽ 1091" എന്ന മുഴുനീള ഫീച്ചർ സിനിമയുടെ കഥയും തിരക്കഥയും അദ്ദേഹം രചിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ചിത്രീകരിച്ച സിനിമയായിരുന്നു അത്.

അഴിമതിക്കെതിരായ ബ്രേക്ക്‌ ദി സൈലൻസ് ക്യാമ്പയ്‌നിന്റെ ഭാഗമായി വിജിലൻസ് നിർമ്മിച്ച "നിശ്ശബ്ദരാകരുത്‌ " എന്ന ഹ്രസ്വ ചിത്രം സുരേന്ദ്രൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്തു . സംസ്ഥാനത്ത ഒട്ടാകെയുള്ള 16 തിയേറ്ററുകളിൽ PRD വകുപ്പിന്റെ സഹകരണത്തോടെ മൂന്ന് മാസത്തോളം പ്രദർശിപ്പിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും ദൂരദർശനിലും ചിത്രം സംപ്രേഷണം ചെയ്തു.

2012 ൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരായ സന്ദേശം നൽകുന്ന "രാഹുൽ 15 വയസ്സ്" എന്ന ചിത്രത്തിന് കുട്ടികളുടെ ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. എഡിറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ മികച്ച നോവലിനുള്ള പുരസ്‌കാരം 2014ൽ കാലത്തിന്റെ തലേവരകൾക്ക് ലഭിച്ചിട്ടുണ്ട് ."സർവ്വം കാലകൃതം" എന്ന നോവലിന് മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർ ആയി നേരിട്ട് നിയമിതനായി നാല് വർഷത്തിന് ശേഷം, 2007 ൽ അദ്ദേഹം തന്റെ ആദ്യ പുസ്തകമായ "കർമ്മം ക്രിയ" പ്രസിദ്ധീകരിച്ചു. വളരെ തിരക്കേറിയ ജോലിയും, സമർദ്ദകരമായ അന്വേഷണങ്ങൾക്കിടയിലും, അദ്ദേഹം എഴുത്ത് സജീവമാക്കി. എഴുത്തിൽ നിന്നും ലഭിക്കുന്ന ആവേശം സുരേന്ദ്രനെന്ന വ്യക്തിയെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു.

വടക്കേകാട്‌ പോലീസ്‌ സ്റ്റേഷൻ അതിർത്തിയിലെ CARE പദ്ധതിക്കും, ജനമൈത്രി പോലീസിന്റെ മികച്ച പ്രവർത്തനങ്ങൾക്കും, നേതൃത്വം വഹിച്ചു ജനങ്ങളുടെ പ്രിയപ്പെട്ട ഇൻസ്‌പെക്ടർ. അദ്ദേഹത്തിന്റെ കഴിവുകളെയും പ്രവൃത്തികളെയും സ്നേഹത്താലും സൗഹൃദത്താലും സദാ പിന്തുണയ്ക്കുന്ന, അഭിനന്ദിക്കുന്ന സഹപ്രവർത്തകരും കുടുംബവും ആ ഊർജ്ജത്തിനു കൂടുതൽ കരുത്ത് പകരുന്നു.

Related Posts