മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടിച്ചെറുക്കൻ്റെ കഥ; 23 വർഷം മുമ്പുള്ള ചിത്രത്തിൻ്റെ ഓർമയിൽ സുരേഷ് ഗോപി

ഇരുപത്തിമൂന്ന് വർഷം മുമ്പ് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'സമ്മർ ഇൻ ബെത് ലഹേം' എന്ന ചിത്രത്തെപ്പറ്റിയുള്ള പ്രിയങ്കരമായ ഓർമകൾ പങ്കുവെച്ച് സുരേഷ് ഗോപി. മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടിച്ചെറുക്കൻ്റെ കഥ ഒരു മുത്തശ്ശിക്കഥ പോലെ വിചിത്രമാണ് എന്ന വാക്കുകളോടെയാണ് താരം തൻ്റെ ഡെന്നിസ് എന്ന കഥാപാത്രത്തെ ഓർത്തെടുക്കുന്നത്.

തൻ്റെ മനസ്സിനോട് ഏറ്റവും അടുത്തു നില്ക്കുന്ന, തനിക്ക് പൂർണ തൃപ്തി നൽകിയ കഥാപാത്രമാണ് സമ്മർ ഇൻ ബെത് ലഹേമിലെ ഡെന്നിസ് എന്ന് നടൻ തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനേക്കാളുപരി മനുഷ്യ സ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്കു ലഭിച്ചെന്നും കുറിപ്പിലുണ്ട്.

രഞ്ജിത്തിൻ്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 1998 സെപ്റ്റംബർ 4-നാണ്. മഞ്ജുവാര്യർ, ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ, സുകുമാരി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് മോഹൻലാലിൻ്റെ നിരഞ്ജൻ എന്ന അതിഥി വേഷമായിരുന്നു.

Related Posts