പുതിയ കോവിഡ് വകഭേദത്തിന്റെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡല്‍ഹി: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ കോവിഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സംസ്ഥാനങ്ങളിലെ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനം, വാക്സിനേഷൻ എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിമാരുടെ വെർച്വൽ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ രണ്ട് തരംഗങ്ങളിലും ചെയ്തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധന വേഗത്തിലാക്കാനും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. അർഹരായ എല്ലാവരും വാക്സിൻ എടുക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത്, കോവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കുന്നത് സംബന്ധിച്ച് പൊതുജന അവബോധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും തയ്യാറെടുപ്പുകൾ നേരിട്ട് നിരീക്ഷിക്കാനും അവലോകനം ചെയ്യാനും അവശ്യ മരുന്നുകളുടെ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

Related Posts