'വിക്രം' ട്രെയ്‌ലറിൽ സൂര്യയും; റിലീസ് ജൂൺ മൂന്നിന്
കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'വിക്രം' ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തമിഴിലെ അടുത്ത മാസ് എന്റർടൈനറാകാൻ പോകുന്ന ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ട്രെയ്‌ലർ ഇറങ്ങി ഒരുദിവസം മാത്രം പിന്നിടുമ്പോൾ 10 മില്യൺ കാഴ്ചക്കാരിലേക്ക് കടക്കുകയാണ്. ചിത്രത്തിൽ സൂര്യ ഉണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകർണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ സൂര്യയുടെ ഒരു ചെറിയഭാഗം ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട് എന്നാണ് നിരീക്ഷകർ പറയുന്നത്. ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ട്രെയ്‌ലറിൽ ഉടനീളം മികച്ച സംഘട്ടന രംഗങ്ങളാണ് കോർത്തിണക്കിയിട്ടുള്ളത്. മലയാളി സാന്നിധ്യമായി നരേൻ, ചെമ്പൻ വിനോദ് എന്നിവരെയും കാണാൻ സാധിക്കും. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് 'വിക്രമി'ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നൂറ്റിപത്ത് ദിവസങ്ങളാണ് 'വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.