ചാര വനിതയെന്ന് സംശയം; ചൈനീസ് വനിതയുടെ അറസ്റ്റിൽ അന്വേഷണം വ്യാപിപ്പിച്ചു
ന്യൂഡൽഹി: ചൈനീസ് യുവതിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്നവരിലേക്കും ഇവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബുദ്ധമതവിശ്വാസിയെന്ന പേരിൽ സന്ന്യാസം അനുഷ്ഠിക്കാനെന്ന വ്യാജേന ഇന്ത്യയിലെത്തിയ ഇവരെ ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് ഇവരുടെ അറസ്റ്റ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയത്. ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈക്കോ സിറ്റി നിവാസിയായ സൈ റൂ ആണ് പിടിയിലായത്. നേപ്പാളി ഐഡന്‍റിറ്റി കാർഡുമായി ഒരു ബുദ്ധ സന്യാസിയായി ഇവർ ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു. ഇവർക്ക് ഏകദേശം 50 വയസ്സുണ്ട്.