സ്വപ്നയുടെ ആരോപണങ്ങൾ കള്ളം, ഗോവിന്ദനെ ടിവിയിൽ കണ്ടുള്ള പരിചയം മാത്രം: വിജേഷ് പിള്ള
കൊച്ചി: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ കള്ളമെന്ന് കേസ് ഒത്തുതീർപ്പാക്കാൻ എത്തിയെന്ന് ആരോപിക്കപ്പെടുന്ന വിജേഷ് പിള്ള. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുമായി രഹസ്യ ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഹോട്ടലിൽ വച്ച് പരസ്യമായാണ് കണ്ടത്. എം വി ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമാണ് ഉള്ളതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങളിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ തന്നെ വിളിച്ചിരുന്നുവെന്നും വിജേഷ് പറഞ്ഞു. "എല്ലാം നുണയാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഞാൻ അവരെ കണ്ടത്. അവർ ഓകെ പറഞ്ഞതിനാൽ കൂടുതൽ ചർച്ചകൾക്കായി കണ്ടതായിരുന്നു. ഷൂട്ടോ കാര്യങ്ങളോ ആയിരുന്നില്ല, വെബ് സീരീസിന്‍റെ ചർച്ചയായിരുന്നു. ഹോട്ടലിലെ റെസ്റ്റോറന്‍റിൽ വച്ചായിരുന്നു ചർച്ച. അവർ പറഞ്ഞ കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല. ഞാൻ അവരെ ഭീഷണിപ്പെടുത്തിയെന്നും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അവരുടെ പക്കൽ തെളിവുണ്ടെങ്കിൽ അവർ കാണിക്കട്ടെ. ഒ.ടി.ടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൽപ്പര്യമുണ്ടെന്ന് അറിയിച്ചതിനാലാണ് ഞാൻ അവരുമായി ചർച്ച നടത്താൻ പോയത്. ഇല്ലെങ്കിൽ എനിക്കവരെ കാണേണ്ട ആവശ്യമില്ല," വിജേഷ് പിള്ള വ്യക്തമാക്കി.