വിയർത്തൊലിച്ച് സംസ്ഥാനം; രേഖപ്പെടുത്തിയത് 40 ഡിഗ്രി സെൽഷ്യസ് വരെ, രാത്രിയും അത്യുഷ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുകയാണ്. പകൽ പോലെ രാത്രിയിലും നല്ല ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് താപനില ഉയരാറുള്ളത്. മലബാർ ജില്ലകളിൽ താപനില കൂടുതലാണ്. രാത്രിയിൽ താപനില 25 ഡിഗ്രിക്ക് മുകളിലാണ്. പകൽ ചൂട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആളുകൾക്ക് നിർജ്ജലീകരണവും അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.