ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിൽ നീന്തൽക്കുളവും ഹെലിപാഡും

ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിൻ്റെ നീളം എത്രയാണ് എന്നറിയാമോ, 30.54 മീറ്റർ. അടിക്കണക്കിൽ പറഞ്ഞാൽ 100 അടിയും ഒന്നര ഇഞ്ചും. ശരാശരി പന്ത്രണ്ടോ പരമാവധി പതിനാറോ അടിയാണ് ഒരു കാറിൻ്റെ നീളമെന്ന് ഓർക്കുക.

അമേരിക്കൻ ഡ്രീം എന്നാണ് ഈ കാറിൻ്റെ പേര്. റീസ്റ്റോർ ചെയ്ത കാറിൻ്റെ ചിത്രം ഗിന്നസ് വേൾഡ് റെക്കോഡ്സിൻ്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. നീന്തൽക്കുളവും ഗോൾഫ് കോർട്ടും ഹെലിപ്പാഡും കൂട്ടിച്ചേർത്താണ് പരിഷ്കരിച്ച കാർ പുറത്തിറക്കിയിരിക്കുന്നതെന്ന് സൈറ്റിൽ പറയുന്നു.

1986-ൽ കാലിഫോർണിയയിലെ ബർബാങ്കിൽ ജെയ് ഓർബെർഗ് എന്നയാളാണ് കാർ നിർമിച്ചത്. 60 അടിയായിരുന്നു അന്നത്തെ നീളം. മുന്നിലും പിന്നിലുമായി 26 ചക്രങ്ങൾ ആണ് ഉണ്ടായിരുന്നത്. പിന്നീട് ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ നീളം 30.5 മീറ്ററായി വർധിച്ചു.

15 അടി വീതം നീളമുള്ള ആറ് ഹോണ്ട സിറ്റി സെഡാൻ ഒന്നിനു പിറകേ ഒന്നായി പാർക്ക് ചെയ്യേണ്ടി വരും ഭീമാകാരനായ അമേരിക്കൻ ഡ്രീമിന് ഒപ്പമെത്താൻ. മുന്നിൽ നിന്നും പിന്നിൽ നിന്നും ഡ്രൈവ് ചെയ്യാൻ കഴിയും വിധത്തിലാണ് സജ്ജീകരണം. നിരവധി ടെലിവിഷൻ സെറ്റുകളും റഫ്രിജറേറ്ററുകളും ടെലിഫോണും അടക്കം ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള കാറിൽ 75 പേർക്ക് സഞ്ചരിക്കാം.

ആദ്യകാലത്ത് നിരവധി ഹോളിവുഡ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള കാർ ഇപ്പോൾ ഡെസർലാൻ്റ് പാർക്ക് കാർ മ്യൂസിയത്തിൽ വിശ്രമ ജീവിതം നയിക്കുകയാണ്.

Related Posts