സ്വിസ് ബാങ്ക് രഹസ്യങ്ങൾ ചോർന്നു; പാക് ജനറൽമാർ അടക്കമുള്ളവരുടെ അനധികൃത നിഷേപങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
1400-ഓളം പാകിസ്താൻ പൗരന്മാരുമായി ബന്ധപ്പെട്ട 600 ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒരു പ്രമുഖ സ്വിസ് ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ചോർന്നത്.
സ്വിറ്റ്‌സർലൻഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങ് സ്ഥാപനമായ ക്രെഡിറ്റ് സ്വിസിൽ നിന്ന് ചോർന്ന ഡാറ്റ പ്രകാരം മുൻ ഐ എസ് ഐ മേധാവി ജനറൽ അക്തർ അബ്ദുർ റഹ്മാൻ ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖർക്കാണ് ബാങ്കിൽ അക്കൗണ്ട് ഉള്ളത്. ഇതിൽ രാഷ്ട്രീയക്കാരും മുൻ ജനറൽമാരും ഉൾപ്പെടും.
പാക്കിസ്താൻ പൗരന്മാരുടെ അക്കൗണ്ടിലെ പരമാവധി ബാലൻസ് 4.42 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആണെന്ന് ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
2016-ലെ പനാമ പേപ്പേഴ്സ്, 2017-ലെ പാരഡൈസ് പേപ്പേഴ്സ്, 2021-ലെ പാണ്ടോറ പേപ്പേഴ്സ് തുടങ്ങി വിവാദമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
100 ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള 18,000-ത്തിലധികം ബാങ്ക് അക്കൗണ്ടുകളുടെ ഡാറ്റയാണ് ചോർന്നിരിക്കുന്നത്. വിസിൽ ബ്ലോവർ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു വ്യക്തിയാണ് ജർമൻ ദിനപത്രത്തിന് വിവരങ്ങൾ ചോർത്തി കൊടുത്തതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.