കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അഖ്തതർ മിർസ ചുമതലയേൽക്കും

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തതർ മിർസ ചുമതലയേൽക്കും. നേരത്തെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ് സംസ്ഥാന സർക്കാർ സയ്യിദ് അഖ്തതർ മിർസയെ നിയമിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടൂർ തന്‍റെ ഉറ്റസുഹൃത്താണെന്നും താൻ അടൂരിന്റെ ആരാധകനാണെന്നും സയ്യിദ് അഖ്തർ മിർസ പ്രതികരിച്ചു. ഇന്ന് തന്നെ കോട്ടയത്തെത്തി വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ട് പ്രശ്നങ്ങൾക്ക് കൂട്ടമായി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്‍റെ രാജി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചും വിവാദങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു അടൂരിന്റെ രാജി. ദളിത് ജീവനക്കാരെ നിർബന്ധിച്ച് ശങ്കർ മോഹൻ വീട്ടിലെ ശൗചാലയം കഴുകിച്ചെന്ന ആരോപണം തെറ്റാണെന്നും ശുചീകരണത്തൊഴിലാളികളിൽ പട്ടികജാതിക്കാർ ഇല്ലെന്നും ആത്മാർത്ഥ സേവനം ചെയ്യുന്നവരെ കെട്ടുകെട്ടിക്കുകയാണ് സമരത്തിന്‍റെ ലക്ഷ്യമെന്നും അടൂർ ആരോപിച്ചിരുന്നു.

Related Posts