സയ്യിദ് സെയ്നുൽ ആബിദീൻ ബാഫഖി തങ്ങൾ അന്തരിച്ചു
കോഴിക്കോട്: കാരന്തൂർ മർകസ് ഉപാധ്യക്ഷനും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സയ്യിദ് സെയ്നുൽ ബാഫഖി തങ്ങൾ (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണു മരണം. തിരൂർ നടുവിലങ്ങാടിയിലെ വസതിയിൽ രാവിലെ 9 വരെയും 11 മണി മുതൽ കൊയിലാണ്ടിയിലും പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും ഷരീഫ ഖദീജ ബീവിയുടെയും മകനായി 1941 മാർച്ച് 10 ന് ജനിച്ചു. 30 വർഷം മലേഷ്യയിൽ സേവനമനുഷ്ഠിച്ച തങ്ങൾ മലയാളികൾക്ക് മാത്രമല്ല, സ്വദേശികൾക്കും അഭയകേന്ദ്രമായി മാറിയിരുന്നു. മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ് ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിരുന്നു. 90ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.