ടി20 ലോകകപ്പ്; ആദ്യ ജയം ന്യൂസിലന്‍ഡിന്

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പർ 12 ആദ്യ മത്സരത്തിൽ ആതിഥേയരെ തോൽപ്പിച്ച് ന്യൂസിലൻഡ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കിവീസ് 89 റൺസിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. പുറത്താകാതെ 92 റണ്‍സെടുത്ത ഡെവോൺ കോണ്‍വെയാണ് ന്യൂസിലൻഡിന്‍റെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 17.1 ഓവറിൽ 111 റണ്‍സിന് എല്ലാവരും പുറത്തായി. ടിം സൗത്തിയും മിച്ചൽ സാന്‍റ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. വെറും 50 റൺസ് മാത്രമുള്ളപ്പോൾ നാല് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ഓവറിൽ ഡേവിഡ് വാർണറെ (5) പുറത്താക്കി ടിം സൗത്തി തുടക്കമിട്ടു. മിച്ചൽ സാന്‍റ്നറുടെ പന്തിൽ ആരോൺ ഫിഞ്ച് (13) കെയ്ൻ വില്യംസണ് ക്യാച്ച് നൽകി പുറത്തായി. മിച്ചൽ മാർഷ് (16), മാർക്കസ് സ്റ്റോയിനിസ് (7) എന്നിവർക്കും തിളങ്ങാനായില്ല.

Related Posts