ടി20 ലോകകപ്പ്; ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം നാളെ ന്യൂസിലൻഡിനെതിരെ
ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന സന്നാഹ മത്സരം നാളെ ബ്രിസ്ബേനില്‍ നടക്കും. ആദ്യ മത്സരത്തിലെ ഓസ്ട്രേലിയയ്ക്കെതിരായ ആവേശകരമായ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുക. അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ അവിശ്വസനീയമായ ബൗളിംഗും വിരാട് കോഹ്ലിയുടെ അസാമാന്യ ഫീൽഡിംഗുമാണ് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ഏറെ സഹായിച്ചത്. 23ന് പാകിസ്ഥാനെതിരായ സൂപ്പർ 12 മത്സരത്തിന് മുമ്പുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമായിരിക്കും നാളത്തെ മത്സരം. നാളെ ന്യൂസിലൻഡിനെ നേരിടുമ്പോൾ മുഹമ്മദ് ഷമിയെ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. ആദ്യ മത്സരത്തിൽ തിളങ്ങിയ സൂര്യകുമാര്‍ യാദവിന് നാളെ വിശ്രമം അനുവദിച്ചേക്കും. സൂര്യകുമാർ കളിച്ചില്ലെങ്കിൽ റിഷഭ് പന്തോ ദീപക് ഹൂഡയോ നാലാം നമ്പറിൽ ഇറങ്ങും. സൂര്യകുമാർ കളിച്ചാൽ കെ എൽ രാഹുൽ, വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരിൽ ആർക്കെങ്കിലും വിശ്രമം നൽകാൻ സാധ്യതയുണ്ട്.