ടി-20 ലോകകപ്പ്; സെമിയിൽ എത്തുന്ന ടീമുകളെ പ്രവചിച്ച് സച്ചിൻ
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ടി20 ലോകകപ്പിന്‍റെ ആവേശത്തിലാണ്. രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യ ആദ്യ മത്സരത്തിന് തയ്യാറെടുക്കുകയാണ്. ടീമുകൾ കിരീടം നേടാനുള്ള സാധ്യതകൾ നോക്കുകയാണെങ്കിൽ, എല്ലാ ടീമുകളും മികച്ചതാണെന്ന് പറയേണ്ടിവരും. അട്ടിമറികൾക്കും അത്ഭുതങ്ങൾക്കും സാധ്യതയുള്ള ടി20-യിൽ ഫലങ്ങൾ പ്രവചനാതീതമാണ്. എന്നാൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ സെമിയിലെത്താൻ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ്. "സ്വാഭാവികമായും ടീം ഇന്ത്യ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ ആദ്യ നാലിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ സെമിയിൽ എത്താം. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളായേക്കാം." സച്ചിൻ ടെണ്ടുൽക്കർ ദി ടെലിഗ്രാഫിനോട് പറഞ്ഞു. ടീമിലെ ഏറ്റവും മികച്ച പേസറായ ബുംറയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്നും ബുംറയ്ക്ക് പകരം വന്ന ഷമി പരിചയസമ്പന്നനായ ബൗളറാണെന്നും ഷമിയുടെ സമീപകാല പ്രകടനം മികച്ചതാണെന്നും സച്ചിൻ പറഞ്ഞു. ഒക്ടോബർ 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മത്സരത്തിൽ ഇന്ത്യ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും സച്ചിൻ പ്രകടിപ്പിച്ചു.