ആളൂരിൽ ടേക്ക് എ ബ്രേക്ക്‌ വഴിയിട വിശ്രമകേന്ദ്രം തുറന്നു

ആളൂരിൽ ടേക്ക് എ ബ്രേക്ക്‌ വഴിയിട വിശ്രമകേന്ദ്രം തുറന്നു. സാമൂഹ്യ നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പൊതുശൗചാലയത്തിൻ്റെയും വഴിയോര വിശ്രമകേന്ദ്രത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. പൊതുജനങ്ങളുടെ  സഹകരണത്തോടെ വഴിയോര വിശ്രമകേന്ദ്രം നല്ല രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ട് ഇന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയ ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ്റെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആളൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വെള്ളാഞ്ചിറക്കുളത്തിനോട്‌ ചേർന്ന്  വഴിയിട വിശ്രമ കേന്ദ്രം തുറന്നിട്ടുള്ളത്. കോസ്റ്റ് ഫോർഡാണ് പൊതു ശുചിമുറി സമുച്ചയത്തിൻ്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ശുചിമുറികൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. സ്ത്രീ സൗഹൃദ, ഭിന്നശേഷി സൗഹൃദമായിട്ടാണ് ശുചിമുറികൾ നിർമിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് സന്ധ്യ നൈസൺ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജുമൈല ഷഗീർ, ആളൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് രതി സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ധിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, എം എസ് വിനയൻ, പഞ്ചായത്ത്‌ സെക്രട്ടറി പി എസ് ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Posts