സ്ത്രീകളോട് മുൻഭർത്താക്കന്മാരുടെ അടുത്തേക്ക് തിരികെ ചെല്ലാൻ ആവശ്യപ്പെട്ട് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ, താലിബാൻ അവരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികളിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകതുല്യമാക്കുകയാണ്. ഭർത്താവിന്‍റെ ക്രൂരതകൾ കാരണം വിവാഹമോചനം നേടിയ സ്ത്രീകളോട് അതേ ഭർത്താവിന്‍റെ അടുത്തേക്ക് മടങ്ങാനാണ് താലിബാൻ ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇതിന്‍റെ പേരിൽ വിവാഹമോചനം റദ്ദാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ, യുഎസ് പിന്തുണയുള്ള അഫ്ഗാൻ സർക്കാർ നിയമപരമായ വിവാഹമോചനം അനുവദിച്ചിരുന്നു. ഇപ്പോൾ താലിബാൻ ഇതേ സ്ത്രീകളെ അവരുടെ ഭർത്താക്കൻമാരുടെ അടുത്തേക്ക് തിരിച്ചയക്കുകയാണെന്ന് അഭിഭാഷകർ എഎഫ്പിയോട് പറഞ്ഞു. രാജ്യത്തെ യുഎൻ മിഷൻ അനുസരിച്ച്, ഇവിടെയുള്ള പത്തിൽ ഒമ്പത് സ്ത്രീകളും അവരുടെ പങ്കാളികളിൽ നിന്ന് ശാരീരികമോ ലൈംഗികമോ മാനസികമോ ആയ അതിക്രമങ്ങൾ നേരിടുന്നുവെന്നും കണക്കുകളുണ്ട്.