പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍
കാബൂള്‍: രാജ്യത്തുടനീളം പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസത്തിൽ വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ. ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീം സർക്കാർ, സ്വകാര്യ സർവകലാശാലകൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പെൺകുട്ടികളുടെ സർവകലാശാലാ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമിയാണ് ഇക്കാര്യം വാർത്താ ഏജൻസികളോട് സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് തൊട്ടുപിന്നാലെ സർവകലാശാലകളിൽ പെണ്‍കുട്ടികള്‍ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ കർട്ടനിട്ടു വേർതിരിച്ച ക്ലാസ് മുറികൾ സ്ഥാപിക്കുകയും പെൺകുട്ടികളെ വനിതാ അധ്യാപകരോ മുതിർന്ന പുരുഷ അധ്യാപകരോ മാത്രമേ പഠിപ്പിക്കാവു എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.