തൂക്കിക്കൊലയും തലവെട്ടും പരസ്യമായി വേണ്ടെന്ന് താലിബാൻ

സുപ്രീംകോടതി വിധിപ്രകാരമല്ലാതെ വധശിക്ഷകൾ പൊതുസ്ഥലങ്ങളിൽ നടത്തരുതെന്ന് പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് നിർദേശം നൽകി അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം. കുറ്റവാളിയെ പരസ്യപ്പെടുത്തേണ്ട സാഹചര്യം ഇല്ലാത്തപ്പോഴും സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയും പൊതുവിടങ്ങളിൽ ശിക്ഷാവിധികൾ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.

സുപ്രീം കോടതി ഉത്തരവില്ലാത്ത സാഹചര്യങ്ങളിൽ തലവെട്ടും തൂക്കിക്കൊലയും ഉൾപ്പെടെയുള്ള ശിക്ഷാരീതികൾ പൊതുസ്ഥലങ്ങളിൽ നടപ്പാക്കേണ്ടതില്ല എന്ന തീരുമാനം താലിബാൻ കൈക്കൊണ്ടതായി ഡോൺ റിപ്പോർട്ട് ചെയ്തു. കുറ്റവാളി ശിക്ഷിക്കപ്പെടുകയാണെങ്കിൽ, കുറ്റകൃത്യത്തെക്കുറിച്ച് അറിവുനൽകുന്നതിന് ശിക്ഷാവിധിയെപ്പറ്റി ജനങ്ങളോട് വിശദീകരിക്കണമെന്ന് താലിബാൻ വക്താവിനെ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്.

തലവെട്ടും തൂക്കിക്കൊലയും ഉൾപ്പെടെ പ്രാകൃതമായ ശിക്ഷാരീതികൾ പൊതുസ്ഥലങ്ങളിൽ പുന:സ്ഥാപിക്കാനുള്ള താലിബാൻ നീക്കത്തെ കഴിഞ്ഞമാസം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തിയായി അപലപിച്ചിരുന്നു. അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരിച്ചെങ്കിലും ചൈന, പാകിസ്താൻ തുടങ്ങി ഏതാനും രാജ്യങ്ങളുടെ പിന്തുണ ഒഴിച്ചാൽ താലിബാന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിട്ടില്ല. "വെയ്റ്റ് ആൻ്റ് വാച്ച് " നയമാണ് ഇക്കാര്യത്തിൽ ഭൂരിഭാഗം ലോകരാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്. മനുഷ്യാവകാശങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ടുള്ള നയസമീപനം തുടർന്നാൽ അംഗീകാരം ലഭിക്കില്ല എന്ന വിലയിരുത്തലായിരിക്കാം തീരുമാനത്തിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Related Posts