പിതാവ് അഫ്ഗാൻ പ്രതിരോധ സേനയിൽ അംഗമെന്ന് സംശയം, കുഞ്ഞിനെ കൊലപ്പെടുത്തി താലിബാൻ

പിതാവ് അഫ്ഗാൻ പ്രതിരോധ സേനയിൽ അംഗമാണെന്ന സംശയത്തെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി താലിബാൻ. ടക്കർ പ്രവിശ്യയിലാണ് ക്രൂരമായ നരഹത്യ അരങ്ങേറിയതെന്ന് സ്വതന്ത്ര മാധ്യമമായ പഞ്ജ്ശീർ ഒബ്സർവർ ട്വീറ്റ് ചെയ്തു.

താലിബാൻ വിരുദ്ധർക്കു നേരെയുള്ള കടന്നാക്രമണം അഫ്ഗാനിസ്താനിൽ തുടരുകയാണെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. അധികാരത്തിൽ എത്തിയപ്പോൾ എല്ലാവർക്കും പൊതുമാപ്പ് നൽകുമെന്നും പ്രതികാര നടപടികൾക്ക് മുതിരില്ലെന്നും പ്രഖ്യാപിച്ചെങ്കിലും താലിബാൻ വിരുദ്ധരെന്ന് സംശയിക്കുന്നവരെയും അഫ്ഗാൻ പ്രതിരോധ സേനയുമായി ബന്ധമുള്ളവരെയും തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്.

പഞ്ജ്ശീറിൽ ആളുകളെ വഴിയിൽ തടഞ്ഞുനിർത്തി പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സർക്കാരുമായോ അഫ്ഗാൻ പ്രതിരോധ സേനയുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ തൽക്ഷണം വെടിവെച്ച് കൊലപ്പെടുത്തുകയാണ്.

തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ ഇന്നലെ മുടിവെട്ടുകാർക്കുള്ള പുതിയ ശാസനം ഇറങ്ങിയിട്ടുണ്ട്. ശരിയ നിയമം കർശനമായി അനുസരിക്കണമെന്നും താടി വടിക്കുകയോ കനം കുറയ്ക്കുകയോ ചെയ്യരുതെന്നും ബാർബർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ലഷ്കർ ഗാഹിലെ സദാചാര മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ ആളുകളെ തട്ടിക്കൊണ്ടു പോയി തടവിൽ വെച്ച കുറ്റത്തിന് നാലുപേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

1996-2001 കാലത്തെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും മതമൗലിക ശാസനങ്ങളും പുതിയ സർക്കാരിൻ്റെ കാലത്തും അതേപടി നടമാടുകയാണെന്നാണ് അഫ്ഗാനിസ്താനിലെ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള അന്താരാഷ്ട്ര ധാരണകൾ മുഴുവൻ രാജ്യത്ത് ലംഘിക്കപ്പെടുകയാണ്.

Related Posts