തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.

അടുത്തിടെ ഹൃദ്രോഗത്തിന് ആൻജിയോ ഗ്രാം ചികിത്സ നടത്തി ആരോഗ്യനില വീണ്ടെടുത്തിരുന്നു. പിന്നീട് വീണ്ടും രോഗം വഷളാവുകയായിരുന്നു. എഴുനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്.

ചലച്ചിത്ര മേഖലയിലെ നിരവധിയാളുകൾ മനോബാലയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തിയ മനോബാല 1982 ൽ ആഗായ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Posts