വരൻ ഭർത്താവ്, വധു ഭാര്യ; വൈറലായി പ്രകാശ് രാജിന്റെ വിവാഹ ഫോട്ടോസ്.
മകന്റെ ആഗ്രഹം സഫലമാക്കാൻ ഭാര്യയെ വീണ്ടും വിവാഹം കഴിച്ച് നടൻ പ്രകാശ് രാജ്. മകന്‍ വേദാന്തിന്‍റെ ആഗ്രഹപ്രകാരം പ്രകാശ് രാജ് ഭാര്യ പോണി വര്‍മ്മയെ മകന്റെ മുന്നില്‍ വച്ച് ഒരിക്കൽ കൂടി വിവാഹം കഴിക്കുകയായിരുന്നു. 'ഇന്ന് രാത്രി ഞങ്ങൾ വീണ്ടും വിവാഹിതരായി. കാരണം ഞങ്ങളുടെ മകൻ വേദാന്ത് അതിന് സാക്ഷിയാകാൻ ആഗ്രഹിച്ചു.’ എന്ന ടൈറ്റിലോടു കൂടി താരം തന്നെയാണ് വിവാഹ വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറാണ് പോണി വര്‍മ്മ. 2010ലാണ് പ്രകാശ് രാജ് പോണിയെ വിവാഹം കഴിക്കുന്നത്. പഴയ വിവാഹ ഫോട്ടോയും പ്രകാശ് രാജ് പങ്കുവച്ചിട്ടുണ്ട്. ആദ്യ ഭാര്യയിലെ മക്കളായ മേഘ്നയും പൂജയും വിവാഹത്തില്‍ പങ്കെടുത്തു.