തമിഴ് ഗാനരചയിതാവ് കബിലന്‍റെ മകൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം
ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്‍റെ മകൾ തൂരിഗൈ (28) മരിച്ച നിലയിൽ. അരുമ്പാക്കം എം എം ഡി എ കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാം നിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കൾ വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. എം ബി എ ബിരുദധാരിയായ തൂരിഗൈ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമാണ്. ഏതാനും തമിഴ് ചിത്രങ്ങൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കായി ഒരു ഡിജിറ്റൽ മാസികയും പുറത്തിറക്കുന്നുണ്ട്. ഇതിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്രാസ് ഐ ഐ ടി യില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. 2001 മുതൽ തമിഴിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ് കബിലൻ. കാർത്തിക് രാജ സംഗീതം നൽകിയ 'പിസാസ് 2' എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഒടുവില്‍ ഗാനരചന നിര്‍വഹിച്ചത്.