തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തെ ബസില്‍ നിന്നിറക്കിവിട്ട ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ വടശ്ശേരിക്ക് സമീപത്ത് ആദിവാസി കുടുംബത്തെ സര്‍ക്കാര്‍ ബസില്‍ നിന്നും ഇറക്കിവിടുകയും ഇവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത ബസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. നരിക്കുറുവ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിനെതിരെയാണ് അക്രമണമുണ്ടായത്.
വടശ്ശേരിയില്‍ നിന്ന് ബസില്‍ കയറിയ കാഴ്ച പരിമിതിയുള്ള വൃദ്ധനും ഭാര്യയും കുഞ്ഞുമുള്‍പ്പെട്ട കുടുംബത്തെ ബസ് ജീവനക്കാര്‍ യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. ലഭ്യമായ ദൃശ്യങ്ങളില്‍ കുഞ്ഞ് വാവിട്ടുകരയുന്നതും കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെന്‍ഡ് ചെയ്തു. നാഗര്‍കോവില്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ അന്വേഷണം നടത്തിയാണ് ഇരു ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുത്തത്. ഡ്രൈവര്‍ സി നെല്‍സണ്‍, കണ്ടക്ടര്‍ സി എ ജയദാസ് എന്നിവര്‍ക്കെതിരെയാണ് നടപടി.