വാഹനങ്ങൾക്കും അതിൽ യാത്രചെയ്യുന്നവർക്കും അപകടത്തിൽപ്പെടാൻ സാധ്യതയുള്ള മൂന്നാം കക്ഷിക്കും പരിരക്ഷ നൽകുന്നതാണ് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് പോളിസികൾ.
പുതിയ വാഹനങ്ങൾക്ക് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി.
തമിഴ്നാട്ടിൽ പുതിയ വാഹനങ്ങൾക്ക്, സമ്പൂർണ പരിരക്ഷ നൽകുന്ന ബമ്പർ ടു ബമ്പർ ഇൻഷുറൻസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അഞ്ചുവർഷം മുമ്പുനടന്ന അപകടത്തിൽ 14.65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ട്രിബ്യൂണൽ വിധിക്കെതിരേ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്. വൈദ്യനാഥന്റെ ഉത്തരവ്.
വാഹനങ്ങൾക്കും അതിൽ യാത്രചെയ്യുന്നവർക്കും അപകടത്തിൽപ്പെടാൻ സാധ്യതയുള്ള മൂന്നാം കക്ഷിക്കും പരിരക്ഷ നൽകുന്നതാണ് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് പോളിസികൾ. അടുത്തമാസം ഒന്നുമുതൽ വിൽക്കുന്ന വാഹനങ്ങൾക്ക് ബമ്പർ ടു ബമ്പർ പോളിസി നിർബന്ധമാക്കാനും ഇക്കാര്യം എല്ലാ ഇൻഷുറൻസ് കമ്പനികളെയും അറിയിക്കാനും സംസ്ഥാന ഗതാഗതവകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചു. അഞ്ചുവർഷമാണ് പോളിസിയുടെ കാലാവധി.
ഇൻഷുറൻസ് പോളിസിയനുസരിച്ച് അപകടത്തിൽപ്പെട്ട വാഹനത്തിനുമാത്രമാണ് പരിരക്ഷയുണ്ടായിരുന്നതെന്നും അതിൽ യാത്ര ചെയ്യുന്നവർക്കല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇത് അംഗീകരിച്ച കോടതി, വാഹനങ്ങൾ വിൽക്കുമ്പോൾ കമ്പനിയോ ഡീലർമാരോ ഇൻഷുറൻസ് സംബന്ധിച്ച് വിശദീകരിക്കാറില്ലെന്നും വാഹനം വാങ്ങുന്നവരും ഇതേക്കുറിച്ചറിയാൻ ശ്രമിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം നൽകാനുള്ള ട്രിബ്യൂണൽ ഉത്തരവ് കോടതി റദ്ദാക്കി. വലിയ വില നൽകി വാഹനം വാങ്ങുമ്പോൾ തുച്ഛമായ തുക ചെലവാക്കി മതിയായ ഇൻഷുറൻസ് പരിരക്ഷ നേടാത്തത് ദുഃഖകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്നത് പരിശോധിക്കാൻ ഹർജി അടുത്തമാസം 30 ന് വീണ്ടും പരിഗണിക്കും.