വൈറലായി സ്റ്റാലിൻ്റെ പ്രഭാത നടത്തം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യ രഹസ്യം അറിയാം

അധികാരമേറ്റ ദിവസം മുതൽ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രിയെ ഒരു ഫിറ്റ്നസ് തത്പരനായി ഉയർത്തി കാട്ടാനുളള ശ്രമങ്ങളിലാണ് ഡി എം കെ.

കഴിഞ്ഞ മാസം ഡി എം കെ പങ്കുവെച്ച സ്റ്റാലിൻ്റെ വർക്ക് ഔട്ട് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 37 സെക്കൻ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ സ്റ്റാലിൻ സ്ഥിരമായി ജിമ്മിൽ ചെയ്യുന്ന വർക്ക് ഔട്ടുകളാണ് കാണിച്ചത്. സൈക്ലിങ്ങ് നടത്തുന്ന മറ്റൊരു വീഡിയോയും മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സൈക്ലിങ്ങിനിടയിൽ പ്രദേശ വാസികളുമായി സെൽഫിയെടുക്കാൻ പോസ് ചെയ്യുന്നതും തട്ടുകടയിൽ കയറി ചായ കുടിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയുടെ ജനകീയ പരിവേഷത്തിന് ആക്കം കൂട്ടുന്നതായിരുന്നു.

ട്വിറ്ററിലൂടെ പുതിയതായി ഷെയർ ചെയ്ത മോണിങ്ങ് വാക്കിനിടയിലെ കൊച്ചു വർത്തമാനവും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. പ്രഭാത നടത്തത്തിനിടയിൽ കണ്ടുമുട്ടുന്നവരുമായി മുഖ്യമന്ത്രി നടത്തുന്ന സംഭാഷണമാണ് പുതിയ വീഡിയോയിൽ ഉള്ളത്.

ട്രാക്ക് സ്യൂട്ട് ധരിച്ച് പ്രഭാത സവാരിക്കിറങ്ങിയ മുഖ്യമന്ത്രിയോട് സാധാരണക്കാർ സംവദിക്കുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. 68 കാരനായ സ്റ്റാലിനോട് ഈ യുവത്വവും ഊർജസ്വലതയുമെല്ലാം എങ്ങനെ നിലനിർത്തുന്നു എന്നാണ് ഒരു സ്ത്രീ ചോദിക്കുന്നത്. അതിന് അൽപ്പം ലജ്ജ കലർന്ന പതിഞ്ഞ ചിരിയോടെ 'ഡയറ്റ് കൺട്രോൾ' എന്ന് മറുപടി പറയുന്ന സ്റ്റാലിനെയാണ് വീഡിയോയിൽ കാണുന്നത്.

Related Posts